Thursday 3 January 2013

കല്ലില്‍ ഒരു ഭഗവതിക്ഷേത്രം

കല്ലില്‍ ഒരു ഭഗവതിക്ഷേത്രം
              എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്ക് അശമന്നൂര്‍ വില്ലേജില്‍ മേതലക്കരയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗുഹാക്ഷേത്രമാണ് കല്ലില്‍ ഭഗവതിക്ഷേത്രം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടില്‍ കീഴില്ലത്തുനിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് ഇന്ത്യയിലെ ഏറ്റവും പുരാതനമെന്നു വിശേഷിപ്പിക്കുന്ന ഈ ഗുഹാക്ഷേത്രം. പെരുമ്പാവൂര്‍ ടൗണില്‍നിന്നുള്ള ബസ്സില്‍ മേതല സ്റ്റോപ്പിലിറങ്ങി നടക്കവെ, കേരള സര്‍ക്കാര്‍ വനംവകുപ്പ്-കാവ് സംരക്ഷണപദ്ധതി 2010-11ന്റേതായുള്ള ഒരു നീളന്‍ ബോര്‍ഡ് 

കല്ലില്‍ ദുര്‍ഗ്ഗാഭഗവതിയുടെ ക്ഷേത്രാരണ്യകത്തിലേക്ക് സ്വാഗതം. ഒപ്പം ക്ഷേത്രഐതിഹ്യവും- അതിങ്ങനെ... ഒരു കാലത്ത് നിബിഢവനമായിരുന്ന ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിക്കാനെത്തിയവര്‍ കാനനമദ്ധ്യത്തില്‍ ദേവീചൈതന്യം തുടിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ കല്ലുകള്‍കൊണ്ട് അമ്മാനമാടിക്കൊണ്ടിരിക്കുന്നത് കണ്ടു. വനമദ്ധ്യത്തില്‍ കണ്ട സുന്ദരി ആരെന്നറിയാന്‍ ആകാംക്ഷയോടെ അടുത്തുചെല്ലാന്‍ തുടങ്ങിയപ്പോളേക്കും സുന്ദരിയായ ആ സ്ത്രീ അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകള്‍ മറയാക്കി ഗുഹയിലൊളിച്ചു. അമ്മാനമാടിക്കൊണ്ടിരുന്ന സ്ത്രീ കല്ലില്‍ ഭഗവതിയായിരുന്നു എന്നും അമ്മാനമാടിക്കൊണ്ടിരുന്നപ്പോള്‍ മുകളിലേക്കുപോയ കല്ല് മേല്‍ക്കൂരയായും താഴേക്ക് പതിച്ച കല്ല് ഇരിപ്പിടമായി മാറി എന്നും ഐതിഹ്യം. ശ്രീകോവിലിന്റെ മേല്‍ക്കൂരയായി നിലംതൊടാതെ സ്ഥിതിചെയ്യുന്ന ഭീമാകാരമായ ശില ഇന്നും ശാസ്ത്രലോകത്തിനും ചരിത്രത്തിനും മുമ്പില്‍ ഒരു പ്രഹേളികയായി ദേവീസംരക്ഷണത്തില്‍ നിലകൊള്ളുന്നു.
ചരിത്രം: ഭാരതത്തിലെ പ്രഥമ പ്രകൃതിദത്ത ഗുഹാക്ഷേത്രം. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ രൂപംകൊണ്ടു. കേരളത്തിലെ പുരാതന ജൈനക്ഷേത്രങ്ങളില്‍ പ്രഥമഗണനീയം. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്മാരായ വര്‍ദ്ധമാനമഹാവീരന്റെയും പാര്‍ശ്വനാഥന്റെയും പത്മാദേവിയുടെയും പ്രതിഷ്ഠകള്‍ ചരിത്രത്തിന്റെ പിന്‍ബലമേകുന്നു. ജൈനസന്യാസിമാര്‍ തപസ്സനുഷ്ഠിച്ചിരുന്നപ്രദേശമാണ് പിന്നീട് ക്ഷേത്രമായി പരിണമിച്ചതെന്നും ചരിത്രനിഗമനം. 


ഇത്രയും വായിച്ചപ്പോഴേക്കും ഏതൊരു ചരിത്രകുതുകിയുടെയും മനസ്സിലുയരുന്ന ആവേശവുമായി ചെമ്മണ്‍പാതകയറി.
കരിങ്കല്‍പടവുകള്‍ താണ്ടി, എത്തിനിന്നത് ഈ ശിലാമുത്തശ്ശിയുടെ പാദവൃന്ദങ്ങളിലാണ്.


കേരളീയ ക്ഷേത്രവാസ്തുവിദ്യയോടു ചങ്ങാത്തംകൂടാതെ നൂറ്റാണ്ടുകളായി തനിമയോടെ നിലനില്‍ക്കുന്ന പെരുങ്കല്ലുകളിലൂടെ പ്രകൃതിയുടെ ഈ എഞ്ചിനിയറിംഗ് മാസ്മരികത കാലത്തെ വെല്ലുവിളിക്കുന്നു. 75 അടി നീളവും 40 അടി വീതിയും 25 അടി ഉയരവുമുള്ള ഒരു മഹാശില മേല്‍ക്കൂരതീര്‍ക്കുന്ന ഈ ക്ഷേത്രം നെല്‍പ്പാടങ്ങളുടെ പച്ചപ്പട്ടുചുറ്റി ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും വിരലില്‍തൂങ്ങി ഇരുപത്തഞ്ചേക്കര്‍ വിശാലതയില്‍ ശാന്തസൗന്ദര്യമുതിര്‍ത്ത് സന്ദര്‍ശകര്‍ക്കുമുന്നില്‍ നയനമനോഹരിയായി വിരാജിക്കുന്നു.

ഒന്നര-രണ്ടടി വ്യാസമുള്ള രണ്ട് കേന്ദ്രങ്ങളില്‍മാത്രമേ ആ പെരുംപാറയ്ക്ക് ഭൂസ്പര്‍ശമുള്ളൂ എന്നതാണ് അതിശയിപ്പിക്കുന്ന പ്രത്യേകത. ആ കല്ല് നൂറ്റാണ്ടുകളെ അതിശയിപ്പിച്ച് എങ്ങനെ ഇപ്രകാരം അതിജീവിക്കുന്നുവെന്നത് ആര്‍ക്കും കൃത്യമായി വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.


വഴിവക്കില്‍ കണ്ട ബോര്‍ഡില്‍നിന്നും വ്യത്യസ്തമായി, ദേവിക്ക് തണല്‍ ലഭിക്കാന്‍ വേണ്ടി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദുര്‍ഗ്ഗാദേവി വലിയ പാറയെടുത്ത് മുകളിലേക്കെറിഞ്ഞ് മുകളില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ കല്പിച്ചുനിര്‍ത്തിയതാണെന്ന് ഒരു ഐതിഹ്യം. മറ്റൊന്ന്- കല്ലില്‍ ദേവിയും 3കിലോമീറ്റര്‍ അകലെ വായ്ക്കരക്കാവ് ഭഗവതിയും 10 കിലോമീറ്റര്‍ ദൂരെയുള്ള ഇരിങ്ങോള്‍ക്ഷേത്രത്തിലെ ഭഗവതിയും സഹോദരിമാരാണെന്ന് സങ്കല്പം. വിനോദത്തിനായി മൂന്നുപേരുംകൂടി മൂന്ന് വലിയകല്ലുകളെടുത്ത് അമ്മാനമാടി. അതിനിടെ ഒരു കല്ല് ആകാശത്ത് ഉറച്ച് നിന്നുപോലും. ആ സ്ഥാനത്ത് ഒരു ദേവി വാസമുറപ്പിച്ചു. അതാണത്രെ, കല്ലില്‍ക്ഷേത്രം. ഒരു സഹോദരി കുറച്ചകലെ വയലില്‍ സ്ഥാനമുറപ്പിച്ചു. അതാണത്രെ വായ്ക്കരക്കാവ്. അവിടെ ഗുരുതി എന്നും ഉച്ചയ്ക്കാണ്. ഗുരുതിസമയമാകുമ്പോള്‍ കല്ലില്‍ഭഗവതി വായ്ക്കരക്കാവില്‍ എത്തിച്ചേരുമെന്നാണ് വയ്പ്. ആ യാത്ര തേരിലാവുമത്രെ. ഈ വഴിയുടെ ഒഴിവുനോക്കിയാണ് ഈപ്രദേശത്ത് ഇന്നും വീടുകള്‍ക്ക് സ്ഥാനവും ദര്‍ശനവും നിശ്ചയിക്കാറ്. ഗുരുതി കഴിഞ്ഞ് ഇരുവരും മൂത്തസഹോദരിയുടെ ആസ്ഥാനമായ ഇരിങ്ങോള്‍ക്കാവില്‍ രാത്രിയോടെ എത്തിച്ചേരുമെന്നും ഐതിഹ്യമുണ്ട്.
2000-ത്തിലധികം വര്‍ഷങ്ങള്‍ പഴക്കം അനുമാനിക്കുന്ന ഈ ഗുഹാക്ഷേത്രം ഒരു ജൈനസങ്കേതമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. നമസ്കാരമണ്ഡപത്തിനുപിന്നില്‍, ശ്രീകോവിലിനു മുകളിലായി പാറയില്‍കൊത്തിയിരിക്കുന്ന രൂപം വര്‍ദ്ധമാനമഹാവീരന്റേതാണെന്നു പറയപ്പെടുന്നു. പാര്‍ശ്വനാഥന്റെയും ആദേശ് ഭഗവാന്റെയും വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലുണ്ട്. ഹിന്ദുമതനവീകരണത്തെത്തുടര്‍ന്ന് മറ്റെല്ലായിടത്തെയുംപോലെ ഇതും ഹൈന്ദവക്ഷേത്രമായി പരിണമിച്ചത്രെ. പാര്‍ശ്വനാഥനെ പരമശിവനായും ആദേശ്ഭഗവാനെ വിഷ്ണുവായും മഹാവീരനെ ബ്രഹ്മാവായും ത്രിമൂര്‍ത്തിസങ്കല്പത്തിലും പദ്മാവതിദേവിക്ക് പാര്‍വതീദേവിയായും സ്ഥാനംനല്‍കപ്പെട്ടു.

ഇത് ജൈനക്ഷേത്രമാണെന്നതിന് ചില തെളിവുകള്‍ ചരിത്രകാരന്മാര്‍ നിരത്തുന്നുണ്ട്. ജൈനകേന്ദ്രങ്ങളില്‍ സാധാരണ കാണാറുള്ളതുപോലെ വറ്റാത്ത ഒരു കിണര്‍ ക്ഷേത്രപരിസരത്തുണ്ട്. ക്ഷേത്രത്തോടുചേര്‍ന്ന് ഒരു വിശാലമുറി- അത്തരമൊരു പഠനമുറി ജൈനക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ് കുരുമുളക്. അതും ജൈനമതവുമായടുപ്പിക്കുന്ന കണ്ണിയാണ്.


പാറകള്‍ക്കിടയിലുള്ള വിടവുകളില്‍ക്കൂടിയാണ് പ്രദക്ഷിണപഥം. അപകടകരമായ നിലയിലെന്നുതോന്നുംവിധം പാറക്കഷണങ്ങള്‍ അദ്ഭുതപ്പെടുത്തുംവണ്ണം അടുക്കിവച്ചതുപോലെ നിലകൊള്ളുന്നു. അല്പം സാഹസികത ഉള്ളിലുള്ളവര്‍ക്ക് ശ്രമിച്ചാല്‍, ക്ഷേത്രം നില്‍ക്കുന്ന പാറയൊഴികെ എല്ലാ പാറകളുടെയും മുകളില്‍ കയറാന്‍കഴിയും.



ഒരു പാറയില്‍നിന്നും താഴേക്കുനോക്കിയപ്പോള്‍ മറ്റൊരുപാറയുടെ ചരിവില്‍ പാതിയില്‍ നിര്‍ത്തിവച്ചുപോയ ഒരു ദേവരൂപം. മുകളില്‍നിന്നുള്ള വീക്ഷണത്തില്‍ അയ്യപ്പരൂപമായി തോന്നിയെങ്കിലും താഴെയെത്തിയപ്പോള്‍ ഏതോ ജൈനസന്യാസിയുടേതായിത്തോന്നി. അതിനുമുന്നിലും ഒരു ദീപംതെളിക്കാറുള്ള ലക്ഷണം കണ്ടു.



ക്ഷേത്രത്തിനെ മൂടിനില്‍ക്കുന്ന വലിയ പാറക്കല്ലിന്റെ മുകള്‍ഭാഗത്ത് ചോരക്കുളമാണെന്നാണ് പറയുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാന്‍ രണ്ടുപേര്‍ അടുത്തുള്ള മരത്തില്‍ കയറിനോക്കിയെന്നും അവര്‍ക്ക് ദേവി പ്രത്യക്ഷപ്പെട്ടുവെന്നും അവര്‍ മരത്തില്‍നിന്നും വീണുമരിച്ചെന്നും കഥയുണ്ട്.

ഇവിടുത്തെ പൂജ രാവിലെ മാത്രമാണ്. ഉച്ചപൂജ കഴിഞ്ഞാല്‍പ്പിന്നെ മനുഷ്യപ്രവേശമില്ല. വെള്ളത്തില്‍പ്പോയി ഉദകക്രിയ കഴിഞ്ഞ ഒരുവാര്യരുടെ പ്രേതം പതിനെട്ടാം നാഴികയ്ക്ക് ക്ഷേത്രക്കുളത്തില്‍ തുഴഞ്ഞുനടക്കുമത്രെ. പണ്ടെന്നോ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയ ഒരുപറ്റം കുഞ്ഞുങ്ങളുടെ ബാലപിശാചുക്കള്‍ രാത്രികാലങ്ങളില്‍ പാറപ്പുറത്ത് പ്രത്യക്ഷരായി പാഠങ്ങള്‍ ചൊല്ലാറുണ്ടെന്ന് നാട്ടുകാരുടെ വിശ്വാസം.


വ്യത്യസ്തത നിറഞ്ഞ ചടങ്ങുകളാണ് വൃശ്ചികമാസത്തിലെ ഇവിടുത്തെ ഉത്സവത്തിന്റെ പ്രത്യേകത. കാര്‍ത്തികനാള്‍ വിശേഷം. ആദ്യദിനത്തില്‍ മറ്റെങ്ങുമില്ലാത്ത ചടങ്ങായ 'ഇടിതൊഴല്‍' പ്രധാനം. വ്രതനിഷ്ഠയോടെ മാരാര്‍ മരഉരലില്‍ ഉണക്കലരി, പച്ചമഞ്ഞള്‍, വെറ്റില, പാക്ക്, ചുണ്ണാമ്പ്, കുരുമുളക് തുടങ്ങിയവ ഉലക്കകൊണ്ടിടിച്ച് ദേവിക്ക് സമര്‍പ്പിച്ച് വാരിവിതറുന്നു.

ഇവിടുത്തെ ഉത്സവത്തിന് പിടിയാനയെ മാത്രമെ എഴുന്നെള്ളിക്കാറുള്ളൂ. ഈ സവിശേഷതയുടെ പിന്നിലും ഒരു കഥയുണ്ട്. കൊമ്പനാനയെ കൊണ്ടുവന്നാല്‍ ദേവി കോപിക്കുമെന്നും ആന കല്ലായിത്തീരുമെന്നും വിശ്വസിക്കുന്നു. പണ്ടെങ്ങോ ഉത്സവത്തിനു കൊണ്ടുവന്ന ആന കല്ലായിപ്പോയതാണത്രെ, ക്ഷേത്രത്തിനു കുറച്ചു കിഴക്കുമാറി വയലില്‍ കാണുന്ന ആനയുടെ രൂപത്തിലുള്ള കറുത്തശില. ആനയുടെ മുതുകിന്റെ ആകൃതിയും വടിവുമൊക്കെ അതിനു വേണ്ടുവോളമുള്ളതുകൊണ്ട് നാട്ടുകാര്‍ അതിന് 'ആനക്കല്ലെന്നു' പേരുമിട്ടു. ആനക്കഥയുടെ മേമ്പൊടിയില്‍ ആ കല്ലും ഒരമൂല്യ കാഴ്ചവസ്തുവും കഥയുള്ള പുരാവസ്തുവുമാകുന്നു.


മുമ്പ് ക്ഷേത്രകാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത് കുട്ടമത്ത് മനക്കാരായിരുന്നു. പിന്നീട് കല്ലില്‍ പിഷാരത്തിനായി അധീശത്വം. ഇപ്പോള്‍ റിസീവര്‍ ഭരണം.

ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ക്കുതാഴെ വലതുവശത്തായി 'പഴയ'ചെറിയകുളത്തില്‍ നിറമുള്ള മത്സ്യങ്ങള്‍. കുളക്കരയോടുചേര്‍ന്ന് വെട്ടുകല്ലില്‍ നിര്‍മ്മിച്ച ഒരു വലിയതൂണ്‍. ചേര്‍ന്നുള്ള ഏതെങ്കിലും കെട്ടിന്റെ ബാക്കിപത്രമാവാം
ആ തൂണില്‍നിന്നുതന്നെ ക്ഷേത്രത്തിനുള്ള പഴക്കം ഒരു പരിധിവരെ മനസ്സിലാക്കാം. ഏതായാലും കവിയൂര്‍ തൃക്കാക്കുടി ഗുഹാക്ഷേത്രത്തെക്കാള്‍ പഴക്കമുണ്ടിതിന്.               


തിരക്കില്ലാത്ത സമയത്തെപ്പോഴെങ്കിലുമെത്തണമെന്നായിരുന്നു മനസ്സില്‍. പക്ഷെ ഒരു നിമിത്തംപോലെ എത്തിയത് വൃശ്ചികമാസത്തിലെ കാര്‍ത്തികനാളില്‍. അതിന്റേതായ തിരക്ക്. (അന്ന് പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല) ശ്രീകോവിലിനു മുന്നില്‍ ഒലക്കൂര കെട്ടിയിരിക്കുന്നതിനാല്‍ ചിത്രങ്ങളെടുക്കാന്‍ തടസ്സം. ഒരിക്കല്‍ വന്നവര്‍ വീണ്ടുംവീണ്ടും വരാന്‍ കൊതിക്കുമെന്നതുകൊണ്ട്, ഇനി വരുമ്പോള്‍ നല്ല ചിത്രങ്ങളെടുക്കാം. തിരികെ ബസ്സ്റ്റോപ്പിലെത്തിയപ്പോള്‍ വാദ്യമേളങ്ങളോടെ കൊടിമരഘോഷയാത്ര ക്ഷേത്രത്തിലേക്ക്- ഇത് ഉത്സവകാലം...!
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947798302

No comments:

Post a Comment