Tuesday 4 June 2013

മൂകാംബികയില്‍ ഒരോണമഴക്കാലത്ത്...



മൂകാംബികയില്‍ ഒരോണമഴക്കാലത്ത്...

യാത്രയെന്ന ഭ്രാന്ത് തലയിലേറിയ കാലത്തേ ഒപ്പം മനസ്സിലേറിയതാണ്, മൂകാംബിക, കുടജാദ്രി, സൗപര്‍ണിക...
ഒട്ടേറെത്തവണ സുഹൃത്തുകള്‍ക്കൊപ്പം പ്ലാന്‍ചെയ്തു- സമയമെത്തുമ്പോള്‍ എന്തെങ്കിലുമൊരു തടസ്സം; യാത്ര മാറ്റിവയ്ക്കപ്പെട്ടു. തീരെപ്രതീക്ഷിക്കാതെ സുഹൃത്തുക്കള്‍ പലരും പോയിവന്നു, വിശേഷങ്ങള്‍ കേട്ടുകൊതിച്ചു.
വായനയറിവില്‍നിന്നും കേട്ടറിവില്‍നിന്നും ദുര്‍ഘടയാത്രയുടെ വഴിത്താരകള്‍ മനസ്സില്‍ ഭയമായി നീണ്ടുകിടന്നു. തനിച്ചെങ്ങനെ..?
എത്രകിണഞ്ഞാലുമെത്രതുടിച്ചാലും വിചാരിച്ചുറപ്പിച്ചവിടെയെത്തില്ല, ആരും. അമ്മ കനിയണം- വിളിക്കുമത്രെ, അപ്പോള്‍ നാമവിടെച്ചെന്നെത്തും. കേട്ടാശ്വസിച്ചുമനസ്സിനെയടക്കി.
അവധിദിനങ്ങള്‍ മറ്റുയാത്രകള്‍ കയ്യടക്കി.
         *   *   *  *   *  *   *    *    *   *   *   *  *
ഒരുനാള്‍ 'ലാപ്പി'ലെ ചിത്രക്കൂമ്പാരം കണ്ട് ചിരകാലസുഹൃത്തും അധ്യാപകനുമായ മുട്ടാണിശ്ശേരിക്കാരന്റെ നിര്‍ബ്ബന്ധം-ഒരു ബ്ളോഗ് തുടങ്ങി ചിത്രങ്ങള്‍ അതിലിടൂ. എല്ലാവരും കാണട്ടെ. ഫുള്‍ ടെക്നിക്കല്‍ സപ്പോര്‍ട്ടും വാഗ്ദാനം ചെയ്തു.
ശരി, തുടങ്ങാം-
ഒരു മൂകാംബിക-കുടജാദ്രി യാത്രയില്ലെങ്കില്‍പ്പിന്നെയെന്തു യാത്രാബ്ലോഗ്? വിദ്യാവിനോദിനിയും ഇഷ്ടവരപ്രദായിനിയുമായ അമ്മയുടെ അടുത്തേക്കൊരു യാത്രയ്ക്കു സമയമായിട്ടില്ലേ? ആ യാത്രവരെ ബ്ലോഗ് വൈകിച്ചു എന്നതാണു സത്യം. അതോ നേരമെത്തിയപ്പോള്‍ അമ്മ വിളിച്ചതോ?
        *   *   *  *   *  *   *    *    *   *   *   *  *
ഓണക്കാലം- അവധികളനവധി.
ഏറെയാലോചിക്കാതെ  തീരുമാനമുറച്ചു- മൂകാംബിക തന്നെ. ഓണത്തിനു വീട്ടില്‍നിന്നാവണമൂണെന്ന ഒഴിവുപറഞ്ഞ് കൂട്ടരെല്ലാം ഒഴിവായി. തനിച്ചുമതി, എന്തുവന്നാലും.
മുമ്പേ പരിചയമുള്ള സ്ഥലമല്ല. ബന്ധുക്കളാരുമില്ല. ഒപ്പം പരിചയക്കാരില്ല.റിസര്‍വേഷനില്ല. റൂം ബുക്കുചെയ്തിട്ടില്ല.
അമ്മയുടെ അടുത്തേക്കാണല്ലോ, അതു മാത്രമായിരുന്നു ധൈര്യം.
കുട്ടനാടന്‍പുലരിയും വയല്‍മഞ്ഞും കായലിളക്കവും അറബിക്കടല്‍വെയിലും നിളയൊഴുക്കും ബേക്കല്‍മഴയും കടലുണ്ടിപ്പുഴയും കണ്ടൊരു പകല്‍യാത്ര. നിളയില്‍ നന്നേ വെള്ളമുണ്ട്, വഞ്ചികളും.
വൈകുന്നേരം 6 മണിയോടെ മംഗലാപുരമെത്തി, ഒപ്പം മഴയും.
അത്ഭുതങ്ങളായിരുന്നു, പിന്നെ.
റെയില്‍വേസ്റേറഷനില്‍നിന്നും കൊല്ലൂര്‍ക്കുള്ള അവസാനബസ്സും പൊയ്ക്കഴിഞ്ഞിരുന്നു.
ബസ്സ്സ്റ്റാന്റിലേക്ക്-
5 മിനിട്ടുമുമ്പ് അവിടെനിന്നു ബസ്സ് പോയിരുന്നു. ഉഡുപ്പിയില്‍ ചെന്നാല്‍ അവിടെനിന്നു കൊല്ലൂരിനു ബസ്സ് കിട്ടുമെന്നറിഞ്ഞ് അവിടെയെത്തിയപ്പോഴും പഴയമട്ട്. കുന്താപുരത്ത് ചെന്നാല്‍മതിയെന്നറിവുകിട്ടി. ഒരു മണിക്കൂര്‍ ബസ്സ് യാത്ര. 5 മിനിട്ട് മുമ്പ് അവിടുന്നും...!
ഇനി പുലര്‍ച്ചയ്ക്കേയുള്ളൂ, കൊല്ലൂരിനു ബസ്സ്..!
രാത്രി- പരിചിതമല്ലാത്ത സ്ഥലം. ഭാഷയും വശമില്ല. പൂരത്തിരക്കില്‍ അബദ്ധത്തില്‍ അച്ഛന്റെ കൈവിട്ട കുട്ടിയായിപ്പോയി, നിമിഷങ്ങളോളം. 'അമ്മ' വിളിക്കാതെയാണോ വന്നത്? ഭയമായി!
പുതിയ കാറ്റും പുതിയ മണവും അന്യസംസ്ഥാനകൊതുകിന്റെ അന്യഭാഷാഗാനവുംകേട്ട് ഒരു തണുത്തരാത്രി അനുഭവിച്ചുറങ്ങി.
പുലര്‍‍‍‍‍ച്ചയ്ക്കുള്ള ബസ്സില്‍ ശാന്തമനസ്സോടെ, വഴിയരികില്‍ കണ്ട കാഴ്ചകള്‍ പകര്‍ത്തി കൊല്ലൂരേക്ക്. കുന്താപുരത്തുനിന്ന് നാഷണല്‍ഹൈവേ വിട്ട് വലത്തേക്കുതിരിഞ്ഞ് പോകണം. ഏതാണ്ട് 32 കി.മീ. കുന്താപുരത്തുനിന്ന് ചിത്തൂര്‍, ഹല്‍ക്കല്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് മൂകാംബികാ വന്യജീവിസങ്കേതത്തിലൂടെയാണ് യാത്ര. ഇടതുവഴിയരികില്‍  ഒരു സൈക്കിള്‍ ഫാക്ടറിയുള്ളതായി തോന്നി. ഒരു ബസ്സ്സ്റ്റോപ്പില്‍ രണ്ട് ഫ്ലക്സ് വലിച്ചുകെട്ടിയിരിക്കുന്നു. ഒന്നില്‍ അത്തപ്പൂക്കളത്തിന്റെ ചിത്രത്തോടൊപ്പം കന്നടയിലെഴുത്ത്. 1st Prize മുതല്‍ വിവരണങ്ങള്‍. മത്സരം വല്ലതുമാവും.പക്ഷെ, അത്തപ്പൂക്കളം- ഇവിടെ മലയാളികളുണ്ടോ? 
ഒപ്പമുള്ള ഫ്ലക്സില്‍ ഒരു മസില്‍മാന്റെ ചിത്രം. 6 PAX എന്ന് വലിയ അക്ഷരത്തില്‍. (അമ്മച്ചിയേ, ഈ കുഗ്രാമത്തിലും 6 PAX വൈറസ്സോ?)
ഒരു 'അത്ഭുതം' ആ ബസ്സ്സ്റ്റോപ്പില്‍ നിന്നുകയറി, തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. 'അത്ഭുതം' ഒപ്പം കയറിയ ആളിനോട് മലയാളം സംസാരിക്കുന്നു! ജാള്യതയുടെ നൂല്‍ബന്ധമൂരിയെറിഞ്ഞ് ഞാനാ കൈകവര്‍ന്നു. പരിചയമായി-രാജന്‍-സ്വന്തദേശം തിരുവല്ല-ആഫ്രിക്കയില്‍വച്ച് പാക്കിസ്ഥാന്‍കാരനെ കണ്ടതുപോലെയായി മനസ്സ്. (അയല്‍ക്കാര്‍ര്‍ര്‍ര്‍...!!!) വളരെ വര്‍ഷങ്ങളായി, അദ്ദേഹമിവിടെയെത്തിയിട്ട്. സ്വന്തമായി മില്‍ നടത്തുന്നു. അച്ഛനമ്മമാരാണ്, ആദ്യമിവിടെയെത്തിയത്. ഏതാണ്ട് അറുനൂറോളം മലയാളികുടുംബങ്ങള്‍ അവിടെയുണ്ട്. പഞ്ചായത്ത് ഭരിക്കുന്നതുപോലും മലയാളികളാത്രെ.(ഈ മലയാളീസിന്റൊരു കാര്യം!!)
കുറച്ചുദൂരംപോകെ, മുമ്പില്‍ ഒരു വലിയ പ്രവേശനഗോപുരം കണ്ടപ്പോള്‍ രാജന്‍ചേട്ടന്‍ പറഞ്ഞു, ഇവിടെ നിന്നാണു ക്ഷേത്രത്തിന്റെ തുടക്കം.
മനസ്സിലൊരു തുടികൊട്ട്. ഇതാണു കാലങ്ങളായി കാത്തിരുന്നത്.
ഉടന്‍തന്നെ ഇടത്തേക്കു കൈചൂണ്ടി- ഇവിടെ ചെറിയൊരു വനദേവതാക്ഷേത്രമുണ്ട്. 'മാസ്തിക്കട്ട' എന്നാണ് സ്ഥലത്തിന്റെ പേര്. മൂകാംബികാക്ഷേത്രത്തിന്റെ മൂലസ്ഥാനം ഇവിടെയാണത്രെ.
ബസ്സ് മുന്നോട്ടുപോയി. 10 മണിയോടെ കൊല്ലൂര്‍ ബസ്സ്റ്റാന്റിലെത്തി. അവിടുന്ന് അര കി.മീറ്ററേയുള്ളൂ ക്ഷേത്രത്തിലേക്ക്-
വലത്തേക്കൊരു വളവുതിരിഞ്ഞാല്‍ കോണ്‍ക്രീറ്റുസൗധങ്ങള്‍ക്കപ്പുറം ദൂരെ, മഞ്ഞുകിരീടമേററി  വിരാജിതമായ കുടജാദ്രിയുടെ ശിരസ്സ്. അതിനിപ്പുറത്തെവിടെയോ ആണ് അമ്മയുടെ വാസം. (ഇടത്തേക്കുതിരിഞ്ഞാല്‍, സൗപര്‍ണികാഘട്ടത്തിലും ഗരുഡഗുഹയിലുമെത്താം).
വളരെ സമാധാനപ്പെടുത്തുന്നതായിരുന്നു, രാജന്‍ചേട്ടന്റെ വാക്കുകള്‍. റൂം കിട്ടാന്‍ യാതൊരു പ്രയാസവുമില്ല. ധാരാളം മലയാളികള്‍ ഹോട്ടലും ലോഡ്ജും നടത്തുന്നുണ്ട്. ഒരു കട പരിചയമാക്കിത്തന്ന് വിടപറയുമ്പോള്‍, ഒരു മോഹനവാഗ്ദാനംകൂടി- ഇനിവരുമ്പോള്‍ വിളിച്ചിട്ട് ഗ്രൂപ്പായിട്ട് വരണം, ചെറിയൊരു നായാട്ടൊക്കെ നടത്താം-മനസ്സില്‍ ലഡുക്കള്‍ പൊട്ടിച്ച് ഒരു പുതിയ യാത്രയ്ക്കുള്ള ടോണിക് പകര്‍ന്നുതന്ന് ചേട്ടന്‍ പിരിഞ്ഞു. അത്ഭുതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ, ആദ്യം താമസസ്ഥലം ശരിയാക്കണം. സിംഗിള്‍റൂം കിട്ടാന്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. (രാജന്‍ചേട്ടാ, ഇടി!!!) ഒടുവില്‍ തരപ്പെടുത്തി. (ഡിപ്പാര്‍ട്ടുമെന്റേ, സ്തുതി!!!) ക്ഷേത്രത്തിനടുത്തേക്കു നടക്കുമ്പോള്‍ മുന്നില്‍ വഴികള്‍ മൂന്നായി പിരിയുകയാണ്.
ഇടത്തേക്കു നടന്നാല്‍ ക്ഷേത്രംവക ലളിതാംബികാ ഗസ്റ്റ്ഹൗസ്. അടുത്ത രണ്ടുവഴികള്‍ക്കുമദ്ധ്യേ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍. അതിന്റെ ഇരുവശത്തേക്കുമാണു വഴികള്‍. ആദ്യത്തെ വഴികയറിയാല്‍ ക്ഷേത്രത്തിന്റെ പിന്‍ഭാഗത്താണെത്തുക. (ശങ്കരസ്വാമികള്‍ ആദ്യംകയറിയത് ഈ വഴിയില്‍ കൂടിയാണെന്നൊരു ഐതിഹ്യമുണ്ട്) അടുത്തവഴിയേപോയാല്‍ ക്ഷേത്രത്തിന്റെ മുമ്പില്‍, കിഴക്കേ നടയിലെത്താം. സമയംകളയാതെ ക്ഷേത്രത്തിലേക്ക്-
കരിങ്കല്ലില്‍തീര്‍ത്ത ഇരുനിലഗോപുരം കടന്നാല്‍ ഗജവീരന്‍ വിനായകനൊപ്പം വഹിക്കുന്ന ദീപസ്തംഭത്തിനും സ്വര്‍ണ്ണക്കൊടിമരത്തിനും പിന്നില്‍ അമ്മയുടെ ഗേഹം. മഴക്കണ്ണീരിന്റെ  നനവില്‍ മങ്ങിത്തിളങ്ങുന്ന കല്‍ത്തറയില്‍ ആദ്യപാദസ്പര്‍ശനം.  ഒപ്പം, മഴ തീര്‍ത്ഥമായി പെയ്തിറങ്ങി.
കരിങ്കല്ലില്‍തീര്‍ത്ത ഇരുനിലഗോപുരം കടന്നാല്‍ ഗജവീരന്‍ വിനായകനൊപ്പം വഹിക്കുന്ന ദീപസ്തംഭത്തിനും സ്വര്‍ണ്ണക്കൊടിമരത്തിനും പിന്നില്‍ അമ്മയുടെ ഗേഹം. മഴക്കണ്ണീരിന്റെ  നനവില്‍ മങ്ങിത്തിളങ്ങുന്ന കല്‍ത്തറയില്‍ ആദ്യപാദസ്പര്‍ശനം.  ഒപ്പം, മഴ തീര്‍ത്ഥമായി പെയ്തിറങ്ങി.


               
കമ്പിയഴിക്കാത്തുനില്പുപുരയില്‍ അധികനേരം കാക്കേണ്ടിവന്നില്ല, ചന്ദനക്കാതലില്‍ തീര്‍ത്ത അലങ്കാരക്കൊത്തുപണിവാതില്‍ കടക്കുമ്പോള്‍ വാതില്‍പ്പടിയുയരത്തില്‍ വിരാജിക്കുന്ന വിനായകപാദം പലരും തൊട്ടുവന്ദിക്കുന്നതുകാണാം. അപ്പോഴും ദ്യഷ്ടിയിലേക്കു കടക്കാനൊരു തേജോമയരൂപം ശ്രീകോവിലിനുള്ളില്‍ കാത്തിരിക്കുന്നു; അമ്മ മൂകാംബിക!
പ്രഥമദര്‍ശനം.
തിക്കുംതിരക്കുമില്ല. ദീര്‍ഘനേരം കാത്തുനിന്നുകാല്‍കുഴഞ്ഞില്ല. അത്യാഗ്രഹത്തിനായുള്ള അലച്ചുതല്ലിപ്രാര്‍ത്ഥന ആര്‍ക്കുമില്ല. ശബരിമലയിലെപ്പോലെ, ചുമലില്‍ പിടിച്ചുതള്ളി വേദനിപ്പിക്കുന്ന അധി കാരിക്കാക്കികളെ കാണാനില്ല. വാക്കിന്‍വരം തിരഞ്ഞുവന്നവര്‍. വിരല്‍തുമ്പില്‍ കരവിരുതിരന്നണഞ്ഞ വര്‍. കണ്ഠത്തില്‍ കരുണതന്‍ സ്വരശുദ്ധി തേടിയടുത്തവര്‍. നാവിന്‍തുമ്പില്‍ നാമത്തിന്‍ നന്മ നട്ടുനനയിയ്ക്കാനായു ന്നോര്‍. ഉള്ളിലിത്തിരിത്തെളിവെട്ടം തേടിയലഞ്ഞവര്‍. കരപാദശരീരമുദ്രകളില്‍ ദ്രുതവേഗങ്ങള്‍ക്കു തുണകേണു വീഴുന്നോര്‍. കണ്ണില്‍ കരുണതന്‍ കണികയുടെ തണു പ്രാര്‍ത്ഥിച്ചപേക്ഷിക്കുന്നോര്‍. ഹൃദയത്തില്‍ കൃപയുടെ കടാക്ഷം കാംക്ഷിച്ചെത്തിയവര്‍. ശുദ്ധസംഗീതവഴിത്താരകളില്‍ വഴുതാശ്രുതികള്‍ക്ക് ഈണത്തുണ വാങ്ങാന്‍ തുടിക്കുന്നോര്‍. ജീവിതത്തിളവെയില്‍പുഴയില്‍ അനുഗ്രഹത്തണലിന്‍ തുഴയേല്ക്കാന്‍ വന്നവര്‍. അഴല്‍വഴിയി ലുഴറിപ്പതറിയ കാലടികള്‍ക്ക് ഇഴവേഗമെങ്കിലുമേകണമെന്നിരക്കുന്നോര്‍...
ദേവിയുടെ തിരുമുമ്പില്‍ അതിപുരാതനമായ, സ്വയംഭൂവായ ജ്യോതിര്‍ലിംഗപീഠം. കണക്കാക്കാന്‍ സാദ്ധ്യമല്ലാത്തത്ര കാലപ്പഴക്കം അതിനുണ്ടത്രെ.
ഐതിഹ്യപ്രകാരം കോലമഹര്‍ഷിയെന്ന മഹായോഗി തപംചെയ്തുകൊണ്ടിരിക്കെ സ്വയംഭൂവായതാണത്. പണ്ട് മഹാരണ്യപുരം എന്ന സ്ഥലം കോലമഹര്‍ഷി തപം ചെയ്ത സ്ഥലമെന്നനിലയില്‍ കോലാപുരമെന്നും കാലാന്തരത്തില്‍ കൊല്ലൂര്‍ ആയെന്നും വിശ്വാസം. 
ദേവീനടയില്‍നിന്നും ഇടത്തേക്കുതിരിയുമ്പോള്‍ ദശമുഖഗണപതിസന്നിധി. ശ്രീകോവിലിന്റെ പിന്‍ഭാഗത്ത് നാലമ്പലത്തിനുള്ളില്‍ ശങ്കരാചാര്യര്‍ക്ക് ദേവിയുടെ ദിവ്യദര്‍ശനം സിദ്ധിച്ചതെന്നു വിശ്വസിക്കുന്നസ്ഥലം, ഒരു മുറിപോലെ കെട്ടിത്തിരിച്ചിരിക്കുന്നു. കെടാവിളക്കിനൊപ്പം ഉള്ളില്‍ ആചാര്യരുടെ ചിത്രം. അതിന്നിടത്തേ ഭിത്തിയില്‍ മുകളിലേക്കു പുളഞ്ഞുകയറുന്ന നിലയില്‍ ഒരു നാഗരൂപം വെള്ളിപൊതിഞ്ഞിരിക്കുന്നു.
നാലമ്പലത്തിന്റെ വടക്കേനടയില്‍ക്കൂടി പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഉപപ്രതിഷ്ഠയായി വടക്കുകിഴക്കേമൂലയില്‍ ഒരു കൃഷ്ണപ്രതിഷ്ഠ.
ശേഷം വീരഭദ്രസ്വാമികള്‍.
ധ്വജസ്തംഭത്തിന്റെ തെക്കുകിഴക്കേഭാഗത്ത് സുബ്രഹ്മണ്യന്‍. അടുത്ത് തെക്കുക്കിഴക്കേമൂലയില്‍, എന്നും ചിലങ്കാനാദത്തിലും സ്വരാര്‍ച്ചനയിലും പുളകംകൊള്ളുന്ന സരസ്വതീമണ്ഡപം.ലോകമറിയുന്ന എത്രയോ കലോപാസകര്‍ സാധാരണക്കാരെപ്പോലെ ഈ
തിണ്ണയിലിരുന്നു പാടിയിരിക്കുന്നു.
ഈ തളത്തില്‍ നൃത്തമാടിയിരിക്കുന്നു.
അതിന്നും തുടരുന്നു...



തെക്കുപടിഞ്ഞാറെ കോണില്‍ ഒരുനിരയായി ശ്രീപ്രാണലിംഗേശ്വരക്ഷേത്രം, ശ്രീപാര്‍ത്ഥേശ്വരക്ഷേത്രം, (ഇവിടെയാണ്, കോലമഹര്‍ഷി തപസ്സിരുന്നതെന്നു വിശ്വാസം) ശ്രീ പഞ്ചമുഖഗണപതിക്ഷേത്രം, ശ്രീ ചന്ദ്രമൌലേശ്വരക്ഷേത്രം, ശ്രീ നഞ്ചുണ്ടേശ്വരക്ഷേത്രം, വടക്കുപടിഞ്ഞാറായി ഹനുമാന്‍ക്ഷേത്രവും വിക്ഷ്ണുക്ഷേത്രവും.












നഞ്ചുണ്ടേശ്വരക്ഷേത്രത്തില്‍ നിന്നും തിരിഞ്ഞപ്പോള്‍, മുമ്പില്‍ കുഞ്ഞുനന്ദികേശനെ വാരിപ്പുണര്‍ന്നു ചുംബിക്കുന്ന ഒരു പതിനഞ്ചുകാരിപ്പെണ്‍കുട്ടി- മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഈ കാഴ്ചയായിരുന്നു, മൂകാംബികാസവിധത്തിലെ ആദ്യത്തെ അതിശയം.
ഭക്തിപ്രഹര്‍ഷം എന്നൊക്കെപ്പറയുന്നതിതാണോ? ഇങ്ങനൊരു സ്നേഹാരാധനയും ഭക്തിപ്രകടനവും മുമ്പെങ്ങും മറ്റൊരു ക്ഷേത്രത്തിലും കണ്ടിട്ടില്ല. ചിത്രകഥയില്‍ മൃത്യുവിനോടു ശണ്ഠകൂടി ശിവലിംഗരൂപത്തെ പുണര്‍ന്നുകിടക്കുന്ന മാര്‍ക്കണ്ഡേയന്റെ പഴയ ബ്ലാക്ക് & വൈറ്റ് വിഷ്വല്‍ മനസ്സിലൊന്നു മിന്നിയൊഴിഞ്ഞു. അന്വേഷണത്തിലറിഞ്ഞു, മൂകംബികയിലെ ഒരാചാരമാണത് . നന്ദികേശന്റെ ഒരു കാതുപൊത്തി മറുകാതില്‍ ചൊല്ലുന്ന ഏതു പ്രാര്‍ത്ഥനയും ഫലിക്കുമെന്ന വിശ്വാസം. കുട്ടിയെ പരിചയപ്പെട്ടു-ഉത്തര-പെരിന്തല്‍മണ്ണ-പ്ലസ്ടു.
ആ വിസ്മയത്തില്‍ തുടങ്ങി കാഴ്ചകളുടെയും കേഴ്വികളുടെയും പൂരമായിരുന്നു, പിന്നെയങ്ങോട്ട്.
രാവിരുളിമയും പുലരിത്തെളിമയും കണ്ടു. മഞ്ഞും വെയിലും കണ്ണുപൊത്തിക്കളിക്കുന്നതു കണ്ടു. ചെറുമഴയിലും പെരുമഴയിലും നടപ്പാതകളുടെ സ്നാനകര്‍മ്മം കണ്ടു. മണ്ണില്‍ മഴയുടെ ചുംബനസ്വരം കേട്ടു.
ക്ഷേത്രത്തില്‍നിന്നും കിട്ടുന്ന നേദ്യച്ചോര്‍ ഒരുമയോടെ പങ്കിട്ടുകഴിച്ച് ഗോക്കള്‍ അലസം മേയുന്ന തുറന്ന അമ്പലമുറ്റം.
വര്‍ഷംതോറും മാറ്റിപ്പുതുക്കി പശുവിന്‍തോലില്‍ തീര്‍ക്കുന്ന പെരുമ്പറയ്ക്കൊപ്പം കുറുങ്കുഴലും നകാരയും ചെറുതുടിയും പെരുംതുടിയും തീര്‍ക്കുന്ന മാസ്മരസംഗീതത്തില്‍ നാണിച്ചുകുണുങ്ങിനില്ക്കുന്ന സന്ധ്യാങ്കണത്തില്‍ കുങ്കുമത്തറ്റുടുത്ത അര്‍ച്ചകന്റെ ശിരസ്സില്‍ ദേവിയുടെ കുടചൂടിപ്രദക്ഷിണം.
 


കുങ്കുമപ്രസാദത്തിന്റെ കടുംനിറം. സര്‍വരോഗസംഹാരിയായ കഷായപ്രസാദത്തിന്റെ ഇഷ്ടഗന്ധം. ദീപപ്രഭയില്‍ വിളങ്ങുന്ന ക്ഷേത്രാങ്കണത്തില്‍ ഇരുളിന്റെ തണലില്‍ ധ്യാനനിരതരായ ഭക്തര്‍. അതിരാവിലെതന്നെ സജീവമാകുന്ന പൂക്കച്ചവടക്കാര്‍.
ദേവിയെ കാണാന്‍ അക്ഷമയോടെ കാത്തുനില്കുന്നവരോട് പരിഭവമേതുമില്ലാതെ പ്രധാനനടയുടെ ഇടതുഭാഗത്തെ ഒഴിഞ്ഞകോണില്‍, വലിയവിളക്കിലെ ഇളവെട്ടത്തില്‍ ശാന്തഗണപതി.







സരസ്വതീമണ്ഡപത്തില്‍ നൃത്തമാടുന്ന സുന്ദരിക്കുട്ടികള്‍. സ്വരാര്‍ച്ചനയുമായി മുതിര്‍ന്നവര്‍. അവര്‍ക്കുചുറ്റും പ്രിയപ്പെട്ടവര്‍.



ദീപസ്തംഭവും വിഘ്നേശ്വരനെയും ചുമലിലേറ്റി, ആയാസപ്പെട്ടുനില്‍ക്കുന്ന ഗജവീരനെ വാലില്‍പിടിച്ചു നിയന്ത്രിക്കുന്ന പാപ്പാന്റെ വിക്രിയ.
വിനായകന്റെ തിരുനറ്റിയില്‍, കുടയും കുടുമയും ചൂടിയ കുങ്കുമത്തറ്റുടുത്ത അര്‍ച്ചകന്‍ ചാര്‍ത്തിയ ചന്ദനം അടുത്ത മഴയില്‍ അലിഞ്ഞൊഴുകുന്നു.
നാവിന്‍നടുവില്‍ നുണഞ്ഞു കൊതിതീരാത്ത ലഡ്ഡുപ്രസാദത്തിന്റെ ആഴമധുരം.





ക്ഷേത്രപ്പന്തലിന്റെ  ഉയരത്തിലും സൗപര്‍ണികാതീരത്തും വാനരക്കുട്ടന്മാര്‍ ചാടിത്തിമിര്‍ക്കുന്നു, ഭക്തരുടെ കയ്യില്‍നിന്നു ഭക്ഷണങ്ങള്‍ വാങ്ങിവിഴുങ്ങുന്നു. പ്രധാനവാതിലടഞ്ഞാല്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന, ഏതോ ദാസന്റെ കരവിരുതില്‍ വിരിഞ്ഞ ചുവര്‍ചിത്രക്കാഴ്ച.
 
അരിപ്രാവുകളുടെയും അടക്കാകുരുവികളുടെയും കലപിലയ്ക്കിടെ ക്ഷേത്രമുറ്റത്ത് അമ്മയുടെ വിരല്‍പിടിച്ച് വെള്ളം തെറ്റിച്ചുരസിക്കുന്ന പിഞ്ചുപാദങ്ങള്‍.
ഏറെനേരം ചുറ്റുവട്ടം കൊത്തിപ്പെറുക്കിയിട്ടും ക്ഷേത്രാര്‍ച്ചകന്റെ ഭവനത്തിലേക്കായി പാളത്താലത്തില്‍ കരുതിവച്ച വെള്ളനേദ്യച്ചോറിനെ തൊട്ടശുദ്ധമാക്കാത്ത വിവേകികളായ ചെറുകിളികള്‍.
അഷ്ടദിക്പാലകരോട് അനുജ്ഞവാങ്ങി, നേദ്യച്ചോറുമായി ഭവനങ്ങളിലേക്കു യാത്രയാകുന്ന അര്‍ച്ചകര്‍.
ക്ഷേത്രക്കാഴ്ചകള്‍ മൊബൈലില്‍ പകര്‍ത്താന്‍ ചെറുപ്പക്കാരുടെ മത്സരം.
വലംപിരിഗണപതിയുടെ  മുഖം ചിത്രത്തില്‍ നന്നായി പതിയാന്‍ പുഷ്പഹാരങ്ങളൊതുക്കിവച്ചു സഹകരിക്കുന്ന മര്യാദാപുരോഹിതന്‍.





























ഗരുഡഗുഹയും സര്‍പ്പഗുഹയും പിന്നെ, നമ്മുടെ സ്വന്തം ശ്രീഗുരുവായൂരപ്പനും...!
'മാസ്തിക്കട്ട'യിലെ വനദേവതാ ക്ഷേത്രവൃക്ഷശാഖിയില്‍ അലങ്കാരത്തൊട്ടിലുകള്‍ കാറ്റിലാടുമ്പോള്‍ ഹൃദയക്കോണുകളില്‍ കുഞ്ഞിക്കാല്‍പ്രതീക്ഷയുടെ കൊലുസൊച്ചകള്‍.
കുടജാദ്രിമലയുടെ തണുപ്പില്‍, ഏകനായ ഗണപതിയുടെ ഗുഹാവാസം.
മഞ്ഞിന്റെ കരിമ്പടപ്പുതപ്പിലൊളിച്ചുകളിക്കുന്ന താഴ്വരപ്പച്ചകള്‍.
സര്‍വജ്ഞപീഠംകയറിയ ശങ്കരനോടു ശകലം കുശലംപറഞ്ഞ് കവിളില്‍ നുള്ളിയിറങ്ങവെ, സൗഹൃദംകൂടാന്‍ വന്നു തോളില്‍ കയ്യിട്ടുനില്‍ക്കുന്ന മേഘത്തുമ്പികള്‍.
നാസികത്തുമ്പിലുതിര്‍ന്നുപൊഴിയുന്ന മഞ്ഞുതുള്ളികള്‍.
                    *********************************
ക്ഷേത്രത്തില്‍ ദിനവും ഇരുനേരം അന്നദാനമുണ്ട്.
'വേണെങ്കീതിന്നേച്ചുപോ' എന്നമട്ടില്‍ നമ്മുടെ നാട്ടില്‍ കാണിക്കുന്ന ജാഡയല്ല, ഇത്. വൃത്തിയും വിശാലതയുമുള്ള വലിയമുറിയില്‍ ക്ഷമയോടെ, അച്ചടക്കത്തോടെ അനുസരണക്കുട്ടികളുടെ മാന്യതയോടെയിരിക്കുന്ന ഭക്തര്‍ക്കുമുന്നിലേക്ക് അദ്യം വാഴയിലക്കീറെത്തും. ഒപ്പം, കഴുകിത്തുടയ്ക്കാന്‍ വെള്ളവും. ഇല വൃത്തിയാക്കിവയ്ക്കുമ്പോഴേക്കും അതാ ചെറിയൊരു നാലുചാടന്‍ വണ്ടിയില്‍ തുമ്പപ്പൂചോറുമായി രണ്ടുപേര്‍-രസം പോലൊരു കറിയും. പിന്നാലെ കുടിവെള്ളവും. കഴിഞ്ഞില്ല- മതിയാകാത്തവര്‍ക്ക് വീണ്ടും ചോറും കറിയും.





വീട്ടില്‍, അമ്മ നല്‍കുന്നതുപോലെയാണ്, വയറുനിറച്ച്.
എഴുന്നേല്‍ക്കാന്‍ വരട്ടെ, പായസമുണ്ട്.
സമൃദ്ധമായ ഭക്ഷണം.
മക്കള്‍ക്കായി അമ്മ കാത്തുവച്ചുനല്കുന്ന സ്നേഹവിരുന്ന്. മനസ്സും വയറും നിറച്ച് മക്കളെ ജീവിതപാഠപ്പള്ളിക്കൂടത്തിലേക്ക് യാത്രയാക്കുന്ന അമ്മ.
ആപത്തിലകപ്പെടാതെ കാത്തുരക്ഷിക്കണമെന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന അമ്മ.
അരികില്‍ ചേര്‍ത്തുനിര്‍ത്തി ആശ്വാസത്തണുപ്പേകുന്ന അമ്മ.
*******************************************
ഈശ്വരവിശ്വാസിയാകണമെന്നില്ല. ഉള്ളിലൊത്തിരി ഭക്തിയും വേണ്ട. ചന്ദനത്തിരിത്തുമ്പത്ത് മങ്ങിയെരിയുന്ന ഇത്തിരിക്കനല്‍വലിപ്പത്തില്‍ അകമേയൊരാശ- അതുമാത്രം മതി.
ഈ പ്രകൃതിയുടെ സൗന്ദര്യം കാണാന്‍... ഈ സ്നേഹസാമീപ്യം ഒന്നറിയാന്‍...
അകലം കുറഞ്ഞുകുറഞ്ഞുകുറഞ്ഞ് ഒരിക്കല്‍ നിങ്ങളിവിടെയെത്തിച്ചേരും, തീര്‍ച്ച!
ധൈര്യമായി പോരൂന്നേ, ആവോളം ആഹാരവും ഉള്ളിലെ തീയാറ്റാന്‍ ആശ്വാസമന്ത്രണങ്ങളുമായി ഒരമ്മ ഇവിടെയുണ്ട്, നമ്മള്‍ മക്കളെക്കാത്ത്...!
ഇനിയുമുണ്ട് കാണാന്‍...
മാര്‍ച്ച്-ഏപ്രില്‍മാസത്തെ രഥോത്സവം.
സൗപര്‍ണികയിലെ ആറാട്ട്...
നവംബര്‍-ഡിസംബര്‍ മാസത്തില്‍ സൗപര്‍ണികാതീരത്തെ വനഭോജനം...
അരസിനകുണ്ഡ് വെള്ളച്ചാട്ടം...
ഗോവിന്ദതീര്‍ത്ഥം...
ചിത്രമൂല...
കുടജാദ്രിമലയില്‍ ഒരു രാത്രിവാസം...
കാഴ്ചകള്‍ അവസാനിക്കുന്നില്ല-
ആശകള്‍ ഒടുങ്ങാതിരിയ്ക്കട്ടെ.
ആശങ്കകള്‍ ഒഴിഞ്ഞുപോകട്ടെ.
ആരോഗ്യം നിലനില്ക്കട്ടെ.
**************************************
മംഗലാപുരത്തുനിന്ന്  140 കി.മീ. ദൂരത്താണ്, കൊല്ലൂര്‍. ഉഡുപ്പി ജില്ലയുടെ വടക്കുകിഴക്ക്, കുടജാദ്രിമലയുടെ താഴ് വാരത്ത്. ബസ്സില്‍ ഏതാണ്ട് മൂന്നുമണിക്കൂര്‍. കൊങ്കണ്‍വഴി വരുന്നവര്‍ക്ക് കുന്താപുരത്തിറങ്ങിയാല്‍ എളുപ്പം. അവിടെനിന്നും ധാരാളം ബസ്സുണ്ട്.കേരളത്തില്‍നിന്നുളളവര്‍ക്ക് 'ബൈന്ദൂര്‍' എന്ന റെയില്‍വേസ്റേറഷനിലിറങ്ങിയാല്‍ ശേഷം ഓട്ടോയിലോ ടാക്സിയിലോ എത്താം. നേരിട്ടുള്ള ട്രെയിനുകളുണ്ട്. വൈകുന്നേരം യാത്രതുടങ്ങി, അടുത്തദിവസം പുലര്‍ച്ചെയെത്തുംമട്ടില്‍ പ്ളാന്‍ ചെയ്താല്‍ ഒരു രാത്രി ലാഭം.
ഷോക്ക്-
A description...
1. Special Seva Darsan Rs.15/-
 







സര്‍വ്വജ്ഞപീഠം കയറിയ ശങ്കരാ... നീയിതു കാണുന്നില്ലേ?
അമ്മേ, അവിടുത്തെ സവിധത്തിലും...!






2.    മൂകാംബികയില്‍ തനിച്ചെത്തുന്നവര്‍ക്ക് റൂം കിട്ടാന്‍ ബുദ്ധിമുട്ടാണ്.              സിംഗിള്‍റൂം സൗകര്യം പലയിടത്തുമില്ലാത്തതാണൊരു കാരണം.              മറ്റൊന്ന് ഭീകരപ്രവര്‍ത്തനം. പിന്നെയൊന്ന്, ആത്മഹത്യാലക്ഷ്യം.          ID Proof ചോദിക്കുന്നുണ്ട്, അതു കരുതണം. കഴിവതും കുറഞ്ഞത്     
       രണ്ടുപേരായി പോകുക.
3. ദിനവും പതിനായിരങ്ങള്‍ വന്നുപോകുന്ന സ്ഥലമാണെങ്കിലും, എന്തും കിട്ടുമെങ്കിലും ചില സൗകര്യങ്ങള്‍ പരിമിതം. ക്യാമറാ മെമ്മറികാര്‍ഡ് നിറഞ്ഞുവെങ്കില്‍ അത് CD/USB-യിലേക്ക് Copy ചെയ്യുന്നതിനോ, പുതിയതൊന്നു വാങ്ങാനോ മാര്‍ഗ്ഗമില്ല. അത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മതിയായ സംവിധാനങ്ങള്‍ കരുതിപ്പോകണം.